Saturday, December 23, 2006

ഇന്ത്യയുടെ ദേശീയ പതാക

തിരുവനന്തപുരത്തെ കുറിച്ചുള്ള ലേഖനം ഏകദേശം പൂര്‍ത്തിയായതിനാല്‍ നമ്മള്‍ അടുത്തതിലേക്ക് പോകുന്നു.

നല്ല മലയാളം ഉപയോഗിക്കാനും ലേഖനങ്ങള്‍ എഴുതാനും കഴിവുള്ള ബൂലോകരുടെ ഇടയില്‍ നിന്ന് വളരെ കുറച്ച് പേര്‍ മാത്രമേ ഈ സൌജന്യ വിജ്ഞാനകോശത്തിലേക്ക് ലേഖനങ്ങള്‍ സംഭാവന ചെയ്യുന്നുള്ളൂ. വരും നാളുകളില്‍ അത് കൂടും എന്ന് പ്രത്യാശിക്കാം. എങ്കിലും ഈ അടുത്ത് കാലത്ത് കുറച്ച് കനപ്പെട്ട ലേഖനങ്ങള്‍ ഈ പരിഭാഷവിക്കിയിലൂടെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍ പരിഭാഷാവിക്കിയില്‍ സഹരിക്കുന്നവര്‍ക്ക് അഭിമാനിക്കാം.


ഇന്ത്യയുടെ ദേശീയ പതാക-യെ കുറിച്ച് ഒരു ലേഖനം മലയാളം വിക്കിയില്‍ ഇല്ല എന്നു പറഞ്ഞാല്‍ വളരെ മോശമല്ലേ. അതിനാല്‍ നമ്മുടെ അടുത്ത ലേഖനം നമ്മുടെ ദേശീയ പതാകയെ കുറിച്ച് തന്നെയാകട്ടെ.

ലേഖനത്തിന്റെ ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്ക്

ലേഖനത്തിന്റെ മലയാളം വിക്കിയിലേക്കുള്ള ലിങ്ക്


ഈ ലേഖനവും ഇംഗ്ലീഷ് വിക്കിയില്‍ ഫീച്ചേര്‍ഡ് ലേഖനം ആയി ഒരു പ്രാവശ്യം വന്നതാണ്. അതിനാല്‍ തന്നെ ഇത് ഒരു ആധികാരിക ലേഖനം ആണ്. ലേഖനം പരിഭാഷപ്പെടുത്തുന്നതിനോടൊപ്പം നമുക്ക് നമ്മുടെ ദേശീയ പതാകയെ കുറിച്ച് കുറച്ച് അറിവും നേടാം.

പരിഭാഷ പൂര്‍ത്തിയായാല്‍ അത് മലയാളം വിക്കിയില്‍ നേരിട്ടോ ഇവിടെ കമെന്റ് ആയോ ഇടുക.താഴെയുള്ള പട്ടികയില്‍ നിന്ന് ആരൊക്കെ എന്തൊക്കെ പരിഭാഷ ചെയ്യുന്നു എന്നും ഓരോ വിഭാഗത്തിന്റേയും നിലവിലുള്ള അവസ്ഥ എന്താണെന്നും അറിയാം. ഏതെങ്കിലും വിഭാഗം പരിഭാഷപ്പെടുത്താന്‍ എടുക്കുന്നതിനു മുന്‍പ് അത് വെറെ ആരും പരിഭാഷപ്പെടുത്തുന്നില്ല എന്നു ഉറപ്പു വരുത്തുക.

വിവിധ വിഭാഗങ്ങള്‍‍ക്കും യോജിച്ച മലയാള തല‍ക്കെട്ട് പരിഭാഷപെടുത്തുന്നവര്‍ തന്നെ കൊടുക്കുക. ഇനി പരിഭാഷ ചെയ്യുന്നത് മാറി പോകാതിരീക്കാന്‍ അതാത് വിഭാഗത്തിന്റെ ക്രമ നം. ഉം ഇംഗ്ലീ‍ഷിലുള്ള വിഭാഗവും ഇവിടെ കമെന്റ് ആയി ഇടുക.


ക്രമ നം.വിഭാഗം

പരിഭാഷ
ചെയ്യുന്ന ആള്‍

നിലവിലുള്ള നില
0Prefaceഷിജു Completed
1Design ഷിജു Completed
2Symbolism ഷിജു Completed
3HistoryNavanProgressing
4Manufacturing process --
5Proper flag protocol പുള്ളിCompleted
5.1Respect for the flag പുള്ളിCompleted
5.2Handling of the flag പുള്ളിCompleted
5.3Correct display പുള്ളിCompleted
5.4With other countries പുള്ളിProgressing
5.5With non-national flagsപുള്ളിProgressing
5.6Showing the flag indoors NavanCompleted
5.7Parades and ceremonies NavanCompleted
5.8Display on vehicles NavanCompleted
5.9Half-mast --
5.10Disposal --
6See also --
7References --
8External links --

28 comments:

Shiju said...

തിരുവനന്തപുരത്തെ കുറിച്ചുള്ള ലേഖനം ഏകദേശം പൂര്‍ത്തിയായതിനാല്‍ നമ്മള്‍ അടുത്തതിലേക്ക് പോകുന്നു.

ഇന്ത്യയുടെ ദേശീയ പതാക-യെ കുറിച്ച് ഒരു ലേഖനം മലയാളം വിക്കിയില്‍ ഇല്ല എന്നു പറഞ്ഞാല്‍ വളരെ മോശമല്ലേ. അതിനാല്‍ നമ്മുടെ അടുത്ത ലേഖനം നമ്മുടെ ദേശീയ പതാകയെ കുറിച്ച് തന്നെയാകട്ടെ.

നല്ല മലയാളം ഉപയോഗിക്കാനും ലേഖനങ്ങള്‍ എഴുതാനും കഴിവുള്ള ബൂലോകരുടെ ഇടയില്‍ നിന്ന് വളരെ കുറച്ച് പേര്‍ മാത്രമേ ഈ സൌജന്യ വിജ്ഞാനകോശത്തിലേക്ക് ലേഖനങ്ങള്‍ സംഭാവന ചെയ്യുന്നുള്ളൂ. വരും നാളുകളില്‍ അത് കൂടും എന്ന് പ്രത്യാശിക്കാം. എങ്കിലും ഈ അടുത്ത് കാലത്ത് കുറച്ച് കനപ്പെട്ട ലേഖനങ്ങള്‍ ഈ പരിഭാഷവിക്കിയിലൂടെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍ പരിഭാഷാവിക്കിയില്‍ സഹരിക്കുന്നവര്‍ക്ക് അഭിമാനിക്കാം.

പുള്ളി said...

5 Proper flag protocol
5.1 Respect for the flag
5.2 Handling of the flag
5.3 Correct display
5.4 With other countries
5.5 With non-national flags
എന്നീഭാഗങ്ങള്‍ ഞാന്‍ ആദ്യ പടിയായി ചെയ്യാം...
qw_er_ty

Shiju said...

ഞാന്‍ ഏറ്റെടുത്ത വിഭാഗം പൂര്‍ത്തിയാക്കി വിക്കിയില്‍ ഇട്ടിട്ടുണ്ട്. “പുള്ളി“ ക്കാരന്‍ ആറോളം വിഭാഗങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇനിയും കുറച്ച് വിഭാഗങ്ങള്‍ ബാക്കിയാണ്. എവിടെ പരിഭാഷകരൊക്കെ.

പുള്ളി said...

പതാക ഉപയോഗിക്കുവാനുള്ള ശരിയായ കീഴ്‌വഴക്കങ്ങള്‍
2002 ആണ്ടിനു മുന്‍പു വരെ ഇന്ത്യയിലെ പൊതുജനങ്ങള്‍ക്ക്‌ ചില നിശ്ചിത ദേശിയ അവധികള്‍ക്കൊഴികെ ദ്ശിയ പതാക പ്രദര്‍ശ്ശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു. സര്‍ക്കാര്‍ ആപ്പീസുകളിലും സര്‍ക്കാരിലെയും നീതിന്യായ വ്യവസ്ഥയിലേയും ചില ഉയര്‍ന്ന പദവികളിലുള്ളവര്‍ക്കു മാത്രമേ എല്ലാ സമയത്തും പതാക പ്രദര്‍ശ്ശിപ്പിക്കാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. എന്നാല്‍ നവീന്‍ ജിണ്ടാല്‍ എന്ന ഒരു വ്യവസായി ഇതിനെതിരെ ദില്ലി ഹൈകോടാതിയില്‍ ഒരു പൊതു താല്‍പ്പര്യ ഹര്‍ജ്ജി ഫയല്‍ ചെയ്തു. അതിനു ശേഷം ജിണ്ടാല്‍ തന്റെ ഓഫീസിനു മുകളില്‍ ഇന്ത്യന്‍ പതാക പ്രദര്‍ശ്ശിപ്പിക്കുകയും ചെയ്തു. ഇതു ദേശീയ പതാക നിയമത്തിന്‌ എതിരായതിനാല്‍ ഈ പതാക കണ്ടുകെട്ടപ്പെടുകയും അദ്ദേഹത്തിനോട്‌ നിയമനടപടികള്‍ക്കു വിധേയനാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ദേശിയപതാകയെ അതിനുചിതമായ രീതിയില്‍ പ്രദര്‍ശ്ശിപ്പിക്കുന്നത്‌ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്റെ അവകാശമാണെന്നും അത്‌ തനിക്കു രാജ്യത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കനുള്ള ഒരു മാര്‍ഗ്ഗമാണെന്നും ജിണ്ടാല്‍ വാദിച്ചു. പിന്നീട്‌ ഈ കേസ്‌ സുപ്രീം കോടതിയിലേയ്ക്ക്‌ മാറ്റപ്പെട്ടപ്പോള്‍ കോടതി ഇന്ത്യന്‍ സര്‍ക്കാറിനോട്‌ ഇതേക്കുറിച്ചു പഠിക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി 2002 ജനുവരി 26 ന്‌ കേന്ദ്ര മന്ത്രിസഭ ഇന്ത്യയിലെ പൊതു ജനങ്ങള്‍ക്ക്‌ ദേശീയ പതാകയെ അതിന്റെ അന്തസ്സിനും ബഹുമാന്യതയ്ക്കും കോട്ടം തട്ടാത്ത വിധം പ്രദര്‍ശ്ശിപ്പിക്കാന്‍ അനുമതി കൊടുക്കുന്ന നിയമ നിര്‍മ്മാണം നടത്തുകയുണ്ടായി.
ദേശീയ പതാകാ നിയമം മന്ത്രിസഭ പാസാക്കിയ ഒന്നല്ലെങ്കിലും അതിലനുശാസിക്കുന കീഴ്‌വഴക്കങ്ങള്‍ പതാകയുടെ അന്തസ്സു നിലനിര്‍ത്താന്‍ പരിപാലിക്കപ്പെടേണ്ടതാണെന്നും. ദേശീയപതാക പ്രദര്‍ശ്ശിപ്പിക്കനുള്ള അവകാശം ആത്യന്തികമായ ഒന്നല്ല മറിച്ചു അര്‍ഹിക്കപ്പെട്ടവര്‍ക്കുള്ള അവകാശമാണെന്നും അതു ഭരണഘടനാ ആര്‍ട്ടിക്കിള്‍ 51A യോട്‌ ചേര്‍ത്തു വായിക്കപ്പെടേണ്ട ഒന്നാണെന്നും, ഇന്ത്യന്‍ സര്‍ക്കാര്‍ v. നവീന്‍ ജിണ്ടാല്‍ കേസിന്റെ വിധി ന്യായത്തില്‍ അനുശാസിക്കുന്നു.
qw_er_ty

Anonymous said...

Showing the flag indoors
Parades and ceremonies
Display on vehicles
ഞാന്‍ ചെയ്തു തരാം
qw_er_ty

പുള്ളി said...

പതാക കൈകാര്യം ചെയ്യേണ്ട വിധം.

ദേശീയപതാക കൈകര്യം ചെയ്യുമ്പോഴും പ്രദര്‍ശ്ശിപ്പിക്കുമ്പോളും പരമ്പരാഗതമായി ശ്രദ്ധിച്ചുപോരുന്ന ചില നിയമങ്ങള്‍ ഉണ്ട്‌. പതാക തുറസ്സായ സ്ഥലത്താണെങ്കില്‍ കാലവസ്ഥ എന്തുതന്നെ ആയിരുന്നാലും പുലര്‍ന്നതിനു ശേഷം ഉയര്‍ത്തേണ്ടതും അസ്തമയത്തിനു മുന്‍പ്‌ താഴ്ത്തേണ്ടതുമാകുനു. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം പൊതു മന്ദിരങ്ങള്‍ക്കുമുകളില്‍ രാത്രിയും പതാക പ്രദര്‍ശ്ശിപ്പിക്കവുന്നതാണ്‌. തലകീഴായ രീതിയില്‍ പതാകയോ അതിന്റെ ചിത്രമോ തന്നെ പ്രദര്‍ശ്ശിപ്പിക്കരുതാത്തതാകുന്നു. പാരമ്പര്യ ചിട്ടകളുനുസരിച്ച്‌ കുത്തനെ വെച്ചിരിക്കുന്ന പതാക 90 ഡിഗ്രി തിരിയ്ക്കുവാനോ മേല്‍ കീഴ്‌ തിരിച്ചു കാണിക്കുവാനോ പാടില്ലാത്തതാകുന്നു. പതാക "വായിക്കുന്ന" (കാണുന്ന)ത്‌ ഒരു പുസ്തകം വായിക്കുന്നതുപോലെ ഇടതുനിന്ന്‌ വലത്തോട്ടും മുകളില്‍ നിന്ന് താഴോട്ടുമായതുകൊണ്ടാണ്‌ ഇത്‌. അഴുക്കുപുരണ്ടതോ കീറിപ്പറിഞ്ഞതോ ആയ രീതിയില്‍ പതാക പ്രദര്‍ശ്ശിപ്പിക്കുന്നതും അതിനെ അവഹേളിക്കുന്നതിനു സമമാണ്‌. കൊടിമരവും കൊടിയുയര്‍ത്തനുപയോഗിക്കുന്ന ചരടിനും ഇതു ബാധകമാണ്‌. ഇതുരണ്ടും പതാകയെന്നപോലെ നല്ലരീതിയില്‍ ഉപയോഗയോഗ്യമാക്കി വെക്കേണ്ടതാണ്‌.
qw_er_ty

പുള്ളി said...

ശരിയായ പ്രദര്‍ശ്ശനരീതി

ദേശീയപതാകയുടെ ശരിയായ പ്രദര്‍ശ്ശനരീതിയെപറ്റി പറയുന്ന നിയമം അനുശസിക്കുന്നത്‌, ഒരു വേദിയില്‍ രണ്ടു പതാകകള്‍ ഒരു സമയം തിരശ്ചീനമായും മുഴുവന്‍ വിടുര്‍ത്തിയും പ്രദര്‍ശിപ്പിക്കുമ്പോള്‍ അവ രണ്ടിന്റേയും കൊടിമരത്തിനോടൂ ചേര്‍ന്നവശങ്ങള്‍ പരസ്പരം അഭുമുഖമായും കുങ്കുമവര്‍ണ്ണം മുകളിലായും ഇരിയ്ക്കണമെന്നാണ്‌. ചെരിയ തണ്ടുകളില്‍ കെട്ടിയിരിയ്ക്കുന്ന കൊടികളാണെങ്കില്‍ അവ രണ്ടും പരസ്പരം കോണുകള്‍ ഉണ്ടാക്കത്തക്കവിധം ചുമരില്‍ ഉറപ്പിച്ചിരിയ്ക്കണം. പതാകകള്‍ ഭംഗിയായ രീതിയില്‍ വിടുര്‍ത്തിയിട്ടിരിയ്ക്കുകയും വേണം. ഗേശീയപതാക മേശകള്‍ക്കോ, വായിക്കാനുള്ള പീഠങ്ങള്‍ക്കോ, വേദികള്‍ക്കൊ അതോ കെട്ടിടങ്ങള്‍ക്കുതന്നെയോ മൂടുപടമായി ഉപയോഗിക്കുവാന്‍ പാടില്ലാത്തതാകുന്നു. കൈവരികളില്‍ നിന്നു തൂക്കിയിടുവാനും പാടില്ലാത്തതാകുന്നു.
qw_er_ty

പുള്ളി said...

ബഹുമാനിയ്ക്കേണ്ട ദേശീയപതാക...
ഭാരതീയ നിയമം ഗേശീയപതാകയുടെ ബഹുമാന്യതയും വിശ്വസ്തതയും അന്തസ്സും കാത്തു സൂക്ഷിക്കാന്‍ അനുശാസിക്കുന്നു. ചിഹ്നങ്ങളുടേയും പേരുകളുടേയും അനുചിത ഉപയോഗം തടയുന്ന നിയമത്തിനു പകരമായി 2002ല്‍ ഉണ്ടാക്കിയ 'ഇന്ത്യന്‍ പതാകാ നിയമം' ഗേശീയപതാകയുടെ പ്രദര്‍ശ്ശനത്തേയും ഉപയോഗത്തേയും നിയന്ത്രിക്കുന്നു. ഔദ്യോദിക നിയമം അനുശാസിക്കുന്നതെന്തെന്നാല്‍ ദേശീയപതാക ഭൂമിയോ ജലമോ സ്പര്‍ശ്ശിക്കരുതാത്തതാകുന്നു. അതുപോലെ തന്നെ പതാക, മേശവിരിയായോ, വേദിയ്ക്കു മുന്‍പില്‍ തൂക്കുന്നതായോ, പ്രതിമകളേയോ ഫലകങ്ങളേയോ മൂലക്കല്ലുകളേയോ മൂടുന്നതിനായോ ഉപയോഗിയ്ക്കാന്‍ പാടില്ലാത്തതാകുന്നു. 2005 വരെ ദേശീയപതാക ആടയാഭരങ്ങളുടെ ഭാഗമായോ യൂണീഫോമുകളുടെ ഭാഗമായോ ഉപയോഗിയ്ക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ 2005ല്‍ പാസാക്കിയ ഒരു ഭരണഘടനാഭേദഗതി ഇതിനു മാറ്റം വരുത്തി. എന്നിരുന്നാലും അരയ്ക്കു താഴെയ്ക്കുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിയ്ക്കുന്നതും തലയിണയുറയിലോ കൈതൂവാലകളിലോ ദേശിയപതാക തുന്നി ചേര്‍ക്കുന്നതും അതു വിലക്കുന്നു.
qw_er_ty

Anonymous said...

ദേശീയപതാക സദസ്സുകളില്‍ ഉപയോഗിക്കുമ്പോള്‍..

ഏതു തരത്തിലുള്ള പൊതുയോഗമായാലും സമ്മേളനമായാലും, അവിടെ ദേശീയപതാക പ്രദര്‍ശ്ശിപ്പിക്കാനുദ്ദേശിക്കുന്നെങ്കില്‍, അതു നടക്കുന്ന ഹാളില്‍ വേദിയുടെ വലതുവശത്തായി,അതായതു സദസ്സിന്റെ ഇടതുവശത്തു വേണം പ്രദര്‍ശ്ശിപ്പിക്കേണ്ടതു്‌.കാരണം വലതുഭാഗം അധികാരത്തിന്റേതെന്നാണു സങ്കല്പം. അതുകൊണ്ട് വേദിയില്‍ പ്രാസംഗികന്റെ തൊട്ടടുത്താണെങ്കില്‍ അദ്ദേഹത്തിന്റെ വലതുവശത്തും, ഹാളില്‍ വേറെ എവിടെയെങ്കിലുമാണെങ്കില്‍, സദസ്യരുടെ വലതുഭാഗത്തുമാണു്‌ പതാക പ്രദര്‍ശ്ശിപ്പിക്കേണേണ്ടതു്‌.

കുങ്കുമപ്പട്ട മുകളില്‍ വരത്തക്ക വിധം, കഴിയുന്നതും എല്ലാവര്‍ണ്ണങ്ങളും അശോകചക്രവും കാണത്തക്കവണ്ണം ദേശീയപതാക പ്രദര്‍ശ്ശിപ്പിക്കണം.വേദിക്കു പിന്നിലെ ചുവരില്‍ ലംബമായി പതാക തൂക്കിയിടുകയാണെങ്കില്‍,അതു പിടിപ്പിച്ച ചരടു്‌ മുകള്‍ഭാഗത്തായും, കുങ്കുമപ്പട്ട നിരീക്ഷകനു അഭിമുഖമാകുമ്പോള്‍, ഇടതുവശത്തു വരുന്ന വിധത്തിലുമാകണം.

qw_er_ty

Shiju said...

ഇതു അത്ഭുതകരമായിരിക്കുന്നു. വെറും രണ്ട് ദിവസം കൊണ്ട് നമ്മള്‍ ഒരു വലിയ ഫീച്ചേര്‍ഡ് ലേഖനം ഏകദേശം പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഇതു വരെ പരിഭാഷപ്പെടുത്തിയതൊക്കെ മലയാളം വിക്കിയില്‍ ചേര്‍ത്തിട്ടുണ്ട്.

Navan പരിഭാഷപ്പെടുത്തന്‍ സഹായിക്കുന്നതില്‍ വളരെ നന്ദി ഉണ്ട്. ഇനിയും പുതിയ ബ്ലോഗ്ഗര്‍ മാര്‍ പരിഭാഷപ്പെടുത്താന്‍ വരട്ടെ. അങ്ങനെ നമ്മുടെ മലയാളം വിക്കി നല്ല നല്ല ലേഖനങ്ങള്‍ കൊണ്ട് ധന്യമാകട്ടെ.

ഇനി
3. History

4. Manufacturing process

5.9 Half-mast

5.10 Disposal

എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങള്‍ കൂടിയെ ആരും ഏറ്റെടുക്കാതതായി ഉള്ളൂ. അതു കൂടി പരിഭാഷപ്പെടുത്തന്‍ ആരെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.

Anonymous said...

വാഹനങ്ങളിലെ പ്രദര്‍ശ്ശനം
വാഹനങ്ങളില്‍ ദേശീയപതാക ഉപയോഗിക്കാനുള്ള വിശിഷ്ടാവകാശം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി,ഗവര്‍ണ്ണര്‍മാര്‍, ലഫ്റ്റനന്റ്‌ ഗവര്‍ണ്ണര്‍മാര്‍,മുഖ്യമന്ത്രിമാര്‍,കാബിനറ്റ് മന്ത്രിമാര്‍,ഇന്ത്യന്‍ പാര്‍ലമന്റിലെയും സംസ്ഥാനനിയമസഭകളിലെയും ജൂനിയര്‍ കാബിനറ്റ് അംഗങ്ങള്‍, ലോകസഭയിലെയും സംസ്ഥാന നിയമസഭകളിലെയും സഭാദ്ധ്യക്ഷര്‍, രാജ്യസഭാ ചെയര്‍മാന്‍, നിയമനിര്‍മ്മാണ സമിതി ചെയര്‍മാന്‍, സുപ്രിം കോടതിയിലേയും ഹൈക്കൊടതിയിലേയും ജഡ്ജിമാര്‍, കര നാവിക വ്യോമ സേനകളിലെ ഉന്നത ഉദ്യൊഗസ്ഥര്‍, , തുടങ്ങി ചുരുക്കം ചിലര്‍ക്കു മാത്രമേയുള്ളൂ.

ആവശ്യമെന്നു കണ്ടാല്‍ മേല്പ്പറഞ്ഞവര്‍ക്കൊക്കെ ഔദ്യോകിക വാഹനങ്ങളില്‍ ദേശീയപതാക യുക്തമായി ഉപയോഗിക്കാവുന്നതാണു്‌. കാറിന്റെ മുന്‍ഭാഗത്തെ മൂടിക്കു പുറത്തു മദ്ധ്യത്തിലായോ മുന്‍ഭാഗത്തു വലതുവശത്തായോ ദണ്ഡില്‍ പിടിപ്പിച്ചു പതാക ബലമായി നാട്ടണം.ഏതെങ്കിലും അന്യരാജ്യത്തുനിന്നുള്ള വിശിഷ്യവ്യക്തി സര്‍ക്കാര്‍കാറില്‍ യാത്ര ചെയ്യുകയാണെങ്കില്‍, ത്രിവര്‍ണ്ണപതാക വലതുവശത്തും ആ രാജ്യത്തിന്റെ പതാക ഇടതു വശത്തും പാറണം.

രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിദേശരാജ്യങ്ങളില്‍ സന്ദര്‍ശ്ശനത്തിനു പോകുമ്പോള്‍, അവര്‍ പോകുന്ന വിമാനത്തില്‍ ദേശീയപതാക ഉപയോഗികണം. ഒപ്പം, ആ രാജ്യത്തിന്റെ പതാകയാണു സാധാരണ ഉപയോഗിക്കേണ്ടതെങ്കിലും, യാത്രാമധ്യേ, വേറെ ഏതെങ്കിലും രാജ്യങ്ങളില്‍ വിമാനമിറങ്ങുകയാണെങ്കില്‍ ഔദാര്യത്തിനുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കാന്‍ അതാതിടങ്ങളിലെ ദേശീയപതാകയായിരിക്കണം പകരം ഉപയോഗിക്കേണ്ടതു്‌.
ഭാരതത്തിനുള്ളിലാണെങ്കില്‍, രാഷ്ട്രപതിയുടെ സന്ദര്‍ശ്ശനങ്ങളില്‍ രാഷ്ട്രപതി കയറുന്ന അല്ലെങ്കില്‍ ഇറങ്ങുന്ന ഭാഗത്തു ദേശീയപതാക പ്രദര്‍ശ്ശിപ്പിക്കണം. രാഷ്ട്രപതി രാജ്യത്തിനകത്തു പ്രത്യേക ട്രയിന്‍യാത്ര ചെയ്യുമ്പോള്‍, ഡ്രൈവറുടെ കാബിനില്‍ നിന്നു ട്രയിന്‍ പുറപ്പെടുന്ന പ്ലാറ്റ്ഫോമിന്റെ വശം അഭിമുഖീകരിച്ചു പതാക പാറണം. ട്രയിന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴും, ഏതെങ്കിലും സ്റ്റേഷനില്‍ തങ്ങാനായി എത്തുമ്പോഴും മാത്രമേ ദേശീയ പതാക ഉപയോഗിക്കവൂ.

qw_er_ty

Anonymous said...

പരേഡുകളും ചടങ്ങുകളും

പരേഡുകളിലോ ഘോഷയാത്രയിലോ മറ്റു കൊടികളോടൊപ്പമോ ദേശീയപതാക കൊണ്ടുപോകേണ്ടിവരുമ്പോള്‍, അതിന്റെ സ്ഥാനം ഏറ്റവും വലതുവശത്തോ ഒറ്റയ്ക്കു ഏറ്റവും മുന്നില്‍ മദ്ധ്യഭാഗത്തോ ആയിരിക്കണം.
പ്രതിമ,സ്മാരകം,ശിലാഫലകം തുടങ്ങിയവയുടെ അനാവരണച്ചടങ്ങുകളില്‍, ഉത്കൃഷ്ടവും വ്യതിരിക്തവുമായ ഒരു പങ്കു്‌ ദേശീയപതാകയ്ക്കു വഹിക്കാനാവുമെങ്കിലും, ഒരിക്കലും അവയുടെ ആവരണമായി പതാക ഉപയോഗിക്കാന്‍ പാടില്ല.ദേശീയപതാകയോടുള്ള ആദരസൂചകമായി അതിനെ ചരിച്ചു തിരശ്ചീനമാക്കുകയോ തറയില്‍ മുട്ടിക്കുകയോ ചെയ്യാന്‍('ഡിപ്പിങ്') പാടുള്ളതല്ല. സൈനിക പതാകകളും മറ്റു സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പതാകകളും ബഹുമാനസൂചകമായി 'ഡിപ്' ചെയ്യാവുന്നതാണു്‌.
ചടങ്ങുകളില്‍ ദേശീയപതാക ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുമ്പോഴും പരേഡുകളില്‍ പതാക കടന്നു പോകുമ്പോഴും അവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം എഴുന്നേറ്റ് പതാകയ്ക്കഭിമുഖമായി 'അറ്റന്‍ഷനി'ല്‍ നില്‍ക്കേണ്ടതാണു്‌.യൂനിഫോമില്‍ ഉള്ളവര്‍ യഥോചിതമായി അഭിവാദ്യമമര്‍പ്പിക്കണം‌.ഒരു ഔദ്യോകികാധികാരി അഭിവാദ്യം ചെയ്യുന്നതു ശിരോസ്തമില്ലാതെയായിരിക്കും. പതാകാവന്ദനം കഴിഞ്ഞാല്‍ ദേശീയഗാനാലാപനവും നടത്തണമെന്നുണ്ടു്‌.

qw_er_ty

Anonymous said...

ഞാന്‍ ഏറ്റെടുത്തതു കഴിഞ്ഞു.
അത്ര 'സുഖ' മില്ലാത്ത പരിഭാഷയാണു. തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാണിച്ചുതന്നാല്‍ ഉപകാരമായിരിക്കും.
qw_er_ty

Anonymous said...

History കൂടി ഞാന്‍ ചെയ്തു നോക്കാം
qw_er_ty

Shiju said...

Navan ഇതു വരെ പരിഭാഷപ്പെടുത്തിയത് വിക്കിയില്‍ ഇട്ടിട്ടുണ്ട്. History കൂടി ചെയ്യുന്നതില്‍ സന്തോഷം. തിരക്കു കൂട്ടണ്ട. പതുക്കെ ചെയ്താല്‍ മതി.

പരിഭാഷചെയ്യുമ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റുന്നത്ര ഏറ്റവും നന്നായി ചെയ്യുക. വിക്കിയില്‍ ആദ്യത്തെ എഴുത്തില്‍ തന്നെ ലേഖനം finalise ചെയ്യുക അല്ലല്ലോ? എങ്കിലും ഒരു മാതിരി പൂര്‍ണ്ണവും സമഗ്രവും ആയ ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തില്‍ നിന്ന് പരിഭാഷപ്പെടുത്തുമ്പോള്‍ അതിന്റെ നിലവാരം കാത്തുസൂക്ഷിച്ചു കൊണ്ട് നമുക്ക് ചെയ്യാന്‍ പറ്റുന്നത്ര നന്നായി ചെയ്യുക. പരിഭാഷയുടെ നിലവാരത്തെകുറിച്ച് വലിയതായി വേവലാതിപ്പെടേണ്ട. നമ്മളേയും കൊണ്ട് ചെയ്യന്‍ പറ്റുന്നത്ര നന്നായി ചെയ്യുക.

Shiju said...

പരിഭാഷാ വിക്കിയില്‍ ഇനി
4. Manufacturing process

5.9 Half-mast

5.10 Disposal

എന്നിവ മാത്രമേ ആരും ഏറ്റെടുക്കാത്തതായി ഉള്ളൂ. കുറച്ച് പേര്‍ സഹകരിച്ചിരുന്നു എങ്കില്‍ നമുക്ക് അടുത്ത ലേഖനത്തിലേക്ക് പോകായിരുന്നു. ഇതു വളരെ ചെറിയ വിഭാഗങ്ങള്‍ മാത്രമാണ്. ഒരു 15 മിനിറ്റു നേരത്തെ പണി. പരിഭാഷപ്പെടുത്താന്‍ പുതിയ ആളുകള്‍ വരട്ടെ.

പുള്ളി said...

പരിഭാഷകരേ... മൂന്നു ചെറിയ ഭാഗങ്ങള്‍ കൂടിയേ ഏറ്റെടുക്കാന്‍ ബാക്കിയുള്ളൂ, സഹകരിക്കൂ വിജയിപ്പിക്കൂ...

Anonymous said...

[[ബ്രിട്ടീഷ്]] ഭരണത്തില്‍ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ [[ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനം]], ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശക്തമായ അടിത്തറ പാകിയപ്പോള്‍, ജനങ്ങളുടെ സ്വാതന്ത്രാഭിവാഞ്ഛയ്ക്കു്‌ ഊര്‍ജ്ജം പകരാന്‍ ഒരു ദേശീയ പതാക തികച്ചും ആവശ്യമായി വന്നു. 1904-ല്‍, [[സ്വാമി വിവികാനന്ദന്റെ]] ശിഷ്യയായ [[സിസ്റ്റര്‍ നിവേദിത]] എന്ന [[ഐറിഷ്]] വനിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചതു്‌.ഈ പതാക പിന്നീടു്‌ സിസ്റ്റര്‍ നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പം [[വജ്രചിഹ്നവും]](thunderbolt) ആലേഖനം ചെയ്തിട്ടുള്ള ചുവന്ന സമചതുരപ്പതാകയുടെ ഉള്ളില്‍ മഞ്ഞനിറമായിരുന്നു.മാതൃഭൂമിയ്ക്കു വന്ദനം എന്നര്‍ത്ഥം വരുന്ന '[[ബന്ദേ മാതരം]]' എന്ന [[ബംഗാളി]] പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്ന പതാകയിലെ അരുണവര്‍ണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവര്‍ണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നതു്‌.

[[ബംഗാള്‍ വിഭജന]]ത്തിനെതിരേ [[07-08-1906]] നു്‌ [[കല്‍ക്കട്ട]]യിലെ(കൊല്ക്കത്ത) പാഴ്സി ബഗാന്‍ ചത്വരത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ [[ശ്രീ സ്ചിന്ദ്രപ്രസാദ് ബോസാ]]ണു്‌ ആദ്യമായി ഒരു ത്രിവര്‍ണ്ണ പതാക നിവര്‍ത്തിയതു്‌. ആ പതാകയാണു്‌ [[കല്‍ക്കട്ട പതാക]] എന്നറിയപ്പെടുന്നതു്‌. മുകളില്‍ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ചു്‌,മഞ്ഞ,പച്ച നിറങ്ങളില്‍ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങള്‍ ചേര്‍ന്ന ഒന്നായിരുന്നു അതു്‌.ഏറ്റവും താഴയുള്ള ഖണ്ഡത്തില്‍ സൂര്യന്റെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും,നടുവില്‍ [[ദേവനാഗരി]] ലിപിയില്‍ 'വന്ദേ മാതരം' എന്നും ഏറ്റവും മുകള്‍ ഭാഗത്തെ ഖണ്ഡത്തില്‍ പാതിവിടര്‍ന്ന എട്ടു താമരപ്പൂക്കളുംആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.


[[22-08]]-[[1907]]-നു്‌ [[ഭിക്കാജി കാമ]] മറ്റൊരു ത്രിവര്‍ണ്ണ പതാക [[ജര്‍മ്മനി]]യിലെ [[സ്റ്ററ്റ്ഗര്‍ട്ടി]]ല്‍ ചുരുള്‍വിടര്‍ത്തി.മേല്‍ഭാഗം ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന പച്ചയും നടുവില്‍ ഹൈന്ദവതയെയും ബുദ്ധമതത്തെയും പ്രതിനിധാനം ചെയ്യുന്ന കാവിയും ഏറ്റവും താഴെ ചുവപ്പും നിറങ്ങളുള്ള പതാകയായിരുന്നു അതു്‌. [[ബ്രിട്ടീഷ് ഇന്ത്യയുടെ]] എട്ടു പ്രവശ്യകളെ പ്രതിനിധാനം ചെയ്തുകൊണ്ടു്‌, പച്ചപ്പട്ടയില്‍ എട്ടു താമരകള്‍ ഒരു വരിയില്‍ ആലേഖനം ചെയ്ത ആ പതാകയുടെ മദ്ധ്യഭാഗത്തു്‌ 'വന്ദേ മാതരം' എന്നു്‌ [[ദേവനാഗരി]] ലിപിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.താഴത്തെ ഖണ്ഡത്തില്‍ കൊടിമരത്തിനോടടുത്തുള്ള ഭാഗത്തായി [[ചന്ദ്രക്കല]]യും അഗ്രഭാഗത്തായി സൂര്യന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. [[ഭിക്കാജി കമ]],[[വീരസവര്‍ക്കര്‍]], [[ശ്യാംജികൃഷ്ണ]] എന്നിവര്‍ സംയുക്തമായി രൂപകല്പന ചെയ്തതാണീ പതാക. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, ബര്‍ലിന്‍ കമ്മിറ്റി പതാക എന്നായിരുന്നു ഇതു്‌ അറിയപ്പെട്ടിരുന്നതു്‌. ഇതു്‌ ബര്‍ലിന്‍ സമിതിയിലെ ഇന്ത്യന്‍ വിപ്ലവകാരികള്‍ തങ്ങളുടെ പതാകയായി ഉപയോഗിച്ചിരുന്നതിനാലായിരുന്നു. ഇതുതന്നെയായിരുന്നു ഒന്നാംലോകമഹായുദ്ധക്കാലത്തു [[മെസപ്പൊട്ടാമിയ]]യിലും സജീവമായി ഉപയോഗിച്ചുപോന്നതു്‌. ചുരുങ്ങിയ കാലത്തേയ്ക്കാണെങ്കിലും [[ഐക്യനാടുകളില്‍]] [[ഖദര്‍പാര്‍ട്ടി]]പതാകയും ഇന്ത്യയുടെ പ്രതീകമായി ഉപയോഗിച്ചിരുന്നു.

[[ബാലഗംഗാധരതിലകും]] [[ആനിബസന്റും]] ചേര്‍ന്നു്‌ 1917-ല്‍ രൂപം നല്കിയ [[സ്വയംഭരണപ്രസ്ഥാന]]ത്തിനു വേണ്ടി സ്വീകരിച്ചതു്‌ ചുവപ്പും പച്ചയും ഇടകലര്‍ന്നു അഞ്ചുതുല്യഖണ്ഡങ്ങളുള്ള ഒരു പതാകയായിരുന്നു.അതിന്റെ ഇടതുവശത്തു ഏറ്റവും മേലെയായി [[യൂണിയന്‍ ജാക്കും]] സ്ഥാനം പിടിച്ചു. ആ പ്രസ്ഥാനം കൈവരിക്കാന്‍ ശ്രമിച്ച നിയന്ത്രണാധികാര പദവിയെ അതു സൂചിപ്പിക്കുന്നു.ഏഴു വെള്ള നക്ഷത്രങ്ങള്‍, ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന [[സപ്തര്‍ഷിതാരസമൂഹത്തിന്റെ]](the constellation Ursa Major) മാതൃകയില്‍ ക്രമീകരിച്ചിരുന്ന പതാകയുടെ മുകള്‍ഭാഗത്തു്‌ വെള്ളനിറത്തില്‍ ഒരു ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു.യൂണിയന്‍ ജാക്കിന്റെ സാന്നിദ്ധ്യവും അതിനോടുള്ള വിരക്തിയും കൊണ്ടാവാം ഈ പതാക ഇന്ത്യന്‍ ജനതതിയ്ക്കിടയില്‍ അത്ര അംഗീകാരം കിട്ടാതെ പോയതു്‌.

1916-ന്റെ ആരംഭഘട്ടത്തില്‍ [[ആന്ധ്രാപ്രദേശിലെ]] മച്ചലിപട്ടണത്തില്‍ നിന്നുള്ള [[പിംഗലി വെങ്കയ്യ]] എന്ന വ്യക്തി സര്‍വ്വസമ്മതമായ ഒരു പതാക നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങി.അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ഉമര്‍ സോബാനി, എസ്.പി.ബൊമന്‍ജി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഇന്ത്യന്‍ ദേശീയപതാകാ ദൌത്യം ഒന്നിച്ചു ഏറ്റെടുക്കുകയും ചെയ്തു. വെങ്കയ്യ, [[മഹാത്മാഗാന്ധി]]യുടെ അംഗീകാരത്തിനായി പതാക സമര്‍പ്പിക്കുകയും, "ഇന്ത്യയുടെ മൂര്‍ത്തിമദ്ഭാവത്തിന്റെയും അവളുടെ ദു:സ്ഥിതിയില്‍ നിന്നുള്ള മോചനത്തിന്റെയും പ്രതിനിധാനം എന്ന നിലയില്‍" ചര്‍ക്ക കൂടി പതാകയില്‍ ഉള്‍പ്പെടുത്തണമെന്നു [[ഗാന്ധിജി]] നിര്‍ദ്ദേശിക്കുകയും ചെയ്തു.ഇന്ത്യയുടെ സാമ്പത്തികനവോദ്ധാനത്തിന്റെ പാവനമായ പ്രതീകമായി ചര്‍ക്ക എന്ന ലളിതമായ നൂല്നൂല്ക്കല്‍ യന്ത്രം മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ, ചുവപ്പും പച്ചയും പശ്ചാത്തലമാക്കി ചര്‍ക്ക കൂടി ഉള്‍പ്പെടുത്തി മറ്റൊരു പതാകയും പിംഗലി വെങ്കയ്യ മുന്നോട്ടു വെച്ചു. എന്നിരുന്നാലും ആ പതാക ഭാരതത്തിന്റെ എല്ലാ മതങ്ങളേയും പ്രതിനിധാനം ചെയ്യുന്നതല്ലെന്നുള്ള അഭിപ്രായമായിരുന്നു ഗാന്ധിജിക്കു്‌.

[[മഹാത്മാ ഗാന്ധി]]യുടെ ആശങ്ക മാനിച്ചുകൊണ്ടു്‌ മറ്റൊരു പതാകയും രൂപകല്പന ചെയ്യുകയുണ്ടായി. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചു്‌ മുകളില്‍ വെള്ള, ഇസ്ലാമിനെ പ്രതിനിധീകരിച്ചു്‌ നടുവില്‍ പച്ച, ഹൈന്ദവതയെ പ്രതിനിധീകരിക്കാന്‍ താഴെ ചുവപ്പു്‌ എന്നിങ്ങനെയായിരുന്നു പതാകയിലെ നിറവിന്യാസം. ചര്‍ക്ക മൂന്നു ഖണ്ഡങ്ങളിലും വരത്തക വിധം ഉള്‍പ്പെടുത്തിയിരുന്നു. [[ബ്രിട്ടീഷ് സാമ്രാജ്യ]]ത്തിനെതിരെയുള്ള മറ്റൊരു പ്രധാന സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായി [[ഐറിഷ് പതാക]]യോടു സാദൃശ്യമുള്ളരീതിയിലാണു സമാന്തരഖണ്ഡങ്ങള്‍ പതാകയിലുള്ളതു്‌.[[അഹമ്മദാബാദി]]ല്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടി സമ്മേളനത്തിലായിരുന്നു ആദ്യമായി ഈ പതാക നിവര്‍ത്തിയതു്‌.[[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സി]]ന്റെ ഔദ്യോകിക പതാകയായി സ്വീകരിച്ചില്ലെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.

എങ്കിലും പതാകയുടെ സാമുദായിക വ്യാഖ്യാനത്തില്‍ പലരും തൃപ്തരല്ലായിരുന്നു. 1924-ല്‍ കല്‍ക്കട്ടയില്‍ നടന്ന അഖിലേന്ത്യാ സംസ്കൃത കോണ്‍ഗ്രസ്സില്‍ ഹൈന്ദവ പ്രതീകങ്ങളായി കാവിനിറവും [[മഹാവിഷ്ണു]വിന്റെ ആയുധമായ 'ഗദ'യും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു.പിന്നീടു്‌ അതേ വര്‍ഷം തന്നെ, "ആത്മത്യാഗത്തിന്റെ ഓജസ് ഉള്‍ക്കൊള്ളുന്നതും ഹിന്ദു [[സന്യാസി]]മാരുടെയും [[യോഗി]]കളുടെയും എന്ന പോലെ മുസ്ലീം [[ഫക്കീര്]]‍മാരെയും ഒരുപോലെ പ്രതിനിധീകരിക്കാനുതകുന്നതുമായ മണ്‍ചുവപ്പു നിറം"( geru (an earthy-red colour)) ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി.[[സിഖു]]കാരാകട്ടെ, ഒന്നുകില്‍ തങ്ങളുടെ പ്രതീകമായി മഞ്ഞനിറം കൂടി പതാകയില്‍ ഉള്‍പ്പെടുത്തുകയോ മതപരമായ പ്രതീകാത്മകത മൊത്തമായും ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.

ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണു്‌, പ്രശ്നപരിഹാരത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒരു ഏഴംഗ പതാകാ സമിതിയെ [[02-04]]-[[1931]]-നു നിയോഗിച്ചതു്‌."സാമുദായികാടിസ്ഥാനത്തില്‍ നിര്‍വ്വചിക്കപെട്ടിട്ടുള്ള പതാകയിലെ മൂന്നു നിറങ്ങളോടും വിയോജിപ്പു" രേഖപ്പെടുത്തിക്കൊണ്ടു അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിച്ചു.ഈ സംവാദങ്ങളുടെ ഫലമായി കുങ്കുമനിറത്തിന്റെ പശ്ചാത്തലത്തില്‍, മുകളില്‍ കൊടിമരത്തോടടുത്തുള്ള ഭാഗത്തായി ചര്‍ക്ക അലേഖനം ചെയ്ത, ഒരു പതാകയായിരുന്നു അവിചാരിതമായി പതാക സമിതി നിര്‍ദ്ദേശിച്ചതു്‌. ഒരു സാമുദായികാശയം മാത്രം ഉയര്‍ത്തിക്കാട്ടുന്നു എന്ന ധാരണ ഉളവാക്കുന്ന ഈ പതാക ഐ.എന്‍.സിക്കു സ്വീകാര്യമായിരുന്നില്ല.


പിന്നീട് 1931-ല്‍ [[കറാച്ചി]]യില്‍ കൂടിയ കോണ്‍ഗ്രസ് സമിതി പതാകയുടെ കാര്യത്തില്‍ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. [[പിംഗലി വെങ്കയ്യ]] രൂപകല്പന ചെയ്ത ത്രിവര്‍ണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചതു്‌. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളില്‍നിന്നു യഥാക്രമം കുങ്കുമ,ശുഭ്ര,ഹരിത വര്‍ണ്ണങ്ങളും നടുവില്‍ ചര്‍ക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു. കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യഖ്യാനമുണ്ടായി.ചര്‍ക്ക [[ഭാരത]]ത്തിന്റെ സാമ്പത്തിക നവോദ്ധാനത്തിന്റെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി.


അതേ സമയം [[ഇന്ത്യന്‍ നാഷനല്‍ ആര്‍മി]] ഈ പതാകയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി ഉപയോഗിച്ചു പോന്നു. ചര്‍ക്കയ്ക്കു പകരം ചാടിവീഴുന്ന കടുവയും 'ആസാദ് ഹിന്ദ്' എന്നുമായിരുന്നു ഐ.എന്‍.എ പതാകയില്‍ ആലേഖനം ചെയ്തിരുന്നതു്‌. ഗാന്ധിജിയുടെ അക്രമരാഹിത്യത്തിനു വിപരീതമായുള്ള [[സുഭാസ് ചന്ദ്ര ബോസി]]ന്റെ സായുധസമരരീതി ഇതില്‍ വെളിവാകുന്നുണ്ട്.ഔദ്യോഗികരൂപത്തിലല്ലെങ്കിലും ഈ പതാക ഇന്ത്യന്‍ മണ്ണില്‍ ഉയര്‍ന്നിട്ടുണ്ടു്‌. [[മണിപ്പൂരി]]ല്‍ സുഭാസ് ചന്ദ്ര ബോസ് തന്നെയായിരുന്നു ഇതു ഉയര്‍ത്തിയതും.



1947 ആഗസ്റ്റില്‍ ഇന്ത്യക്കു സ്വതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാള്‍ മുന്പു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഒരു നിയമനിര്‍മ്മണസഭ രൂപീകരിക്കുകയുണ്ടായി. അവര്‍ [[രാജേന്ദ്രപ്രസാദ് ]]അധ്യക്ഷനും [[അബ്ദുള്‍ കലാം ആസാദ്]], [[കെ.എം.പണിക്കര്‍]],[[സരോജിനി നായിഡു]],[[സി.രാജഗോപാലാചാരി]],[[കെ.എം.മുന്ഷി]], [[ഡോ.അംബേദ്കര്‍ ]]എന്നിവര്‍ അംഗങ്ങളായും ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു.[[23-06]]-[[1947]] നു രൂപീകരിച്ച ആ പതാകാ സമിതി പ്രശ്നം ചര്‍ച്ച ചെയ്യുകയും മൂന്നാഴ്ചയ്ക്കു ശേഷം,[[1947]] [[ജൂലൈ 14]] നു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു.എല്ലാ പാര്‍ട്ടികള്‍ക്കും സമുദായങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ ചില സമുചിതമായ മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയ പതാകയായി സ്വീകരിക്കാമെന്നു അവര്‍ തീരുമാനിച്ചു. യാതൊരു തരത്തിലുള്ള സാമുദായിക ബിംബങ്ങളും പതാകയില്‍ അന്തര്‍ലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി.[[സാരനാഥി]]ലെ അശോകസ്തംഭത്തിലെ [[ധര്‍മ്മചക്രം]] ചര്‍ക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. [[1947]] [[ആഗസ്റ്റ് 15]] നു ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി ആദ്യമായി ഉയര്‍ന്നു.

qw_er_ty

Anonymous said...

unfurling of a flag എങ്ങനയാ മലയാളീകരികുന്നതു്‌?

പുള്ളി said...

നവന്‍, 'പതാകയുടെ ചുരുളഴിയ്ക്കല്‍ ' എന്നു പറഞ്ഞാല്‍ മതിയോ?
qw_er_ty

പുള്ളി said...

മറ്റു ദേശിയപതാകകള്‍ക്കൊപ്പം.
ഇന്ത്യയുടെ പതാക മറ്റു രാജ്യങ്ങളുടെ ദേശീയപതാകകളോടൊപ്പം ഉയര്‍ത്തിയിരിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ പല സംഗതികളും ഉണ്ട്‌. പ്രാധാന്യമുള്ള്‌ രീതിയില്‍ മാത്രമേ അതു പ്രദര്‍ശ്ശിപ്പിക്കവൂ എന്നതാണ്‌ അതിലൊന്ന്. മറ്റു രാജ്യങ്ങളുടെ പതാകകള്‍ ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തില്‍ ഉയര്‍ത്തിയിരിയ്ക്കുമ്പോള്‍ ഇന്ത്യയുടെ പതാക നിരയുടെ വലത്തേയറ്റത്ത്‌ (കാണുന്നവര്‍ക്ക്‌ ഇടത്തേ അറ്റത്ത്‌) ആയിരിയ്ക്കണം. ഓരോ രാജ്യങ്ങളുറ്റേയും പതാകള്‍ പ്രത്യേകം കാലുകളിലായിരിയ്ക്കണം. ഒന്നിനുമുകളില്‍ മറ്റൊന്നു വരത്തക്ക വിധം രണ്ടു രാജ്യങ്ങളുടെ പതാകകള്‍ ക്രമീകരിയ്ക്കാന്‍ പാടുള്ളതല്ല. പതാകകളുടെ വലിപ്പം ഏതാണ്ട്‌ ഒരുപോലീയിരിയ്ക്കണം. ഇന്ത്യയുടെ പതാകയിലും വലിയതായി മറ്റൊന്ന് പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ല.

പലപ്പോഴും തുടക്കത്തിലും ഒടുക്കത്തിലും ഇന്ത്യയുടെ പതാക പ്രദശിപ്പിക്കറുണ്ട്‌. പതാകകള്‍ ഒരു വൃത്തത്തില്‍ പ്രദര്‍ശിപ്പിയ്ക്കുമ്പോള്‍ ഇന്ത്യയുടെ ദേശിയപതാക വൃത്തത്തിന്റെ തുടക്കത്തേയും ഘടികാരദിശയില്‍ അടുത്തുവരുന്നത്‌ അക്ഷരമാലാ ക്രമത്തില്‍ ആദ്യത്തേതും ആയിരിക്കണം. ഇന്ത്യയുടെ പതാക ആദ്യം ഉയര്‍ത്തുകയും അവസാനം താഴ്ത്തുകയും വേണം.

ഒന്നിനു കുറുകേ മറ്റോന്നായി രണ്ടു പതാകകള്‍ വെച്ചിരിയ്ക്കുമ്പോള്‍ ഇന്ത്യയുടെ പതാക മുകളിലായും കാണുന്നവരുടെ ഇടതു വശത്തേയ്ക്കയും വെച്ചിരിയ്ക്കണം. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ കൊടിയ്ക്കൊപ്പം വെച്ചിരിയ്ക്കുമ്പോള്‍ ഇന്ത്യയുടെ പതാക ഏതു വശത്തേയ്ക്കയിരിന്നാലും കുഴപ്പമില്ല. എന്നാലും പൊതുവായ കീഴ്‌ വഴക്കം പതാക വലത്തേയറ്റത്ത്‌, അതിന്റെ മുഖമായിരിയ്ക്കുന്ന ദിശയിലേയ്ക്ക്‌ സൂചകവുമായി വെയ്ക്കുന്നതാണ്‌.
qw_er_ty

Anonymous said...

പുള്ളീ, നന്ദി. unfurling എന്നതിനു നമ്മുടെ ഭരണ ഭാഷയില്‍ വേറെ എന്തെങ്കിലും തര്‍ജ്ജമ കിട്ടുമോ?

Anonymous said...

Manufacturing process ഞാന്‍ ചെയ്യാം
qw_er_ty

Anonymous said...

നിര്‍മ്മാണ പ്രക്രിയ

1950-ല്‍ ഭാരതം ഒരു [[റിപ്പബ്ലിക് ]]ആയതിനു ശേഷം, [[ഇന്ത്യന്‍ നിലവാര കാര്യാലയം(ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ്സ് അഥവാ ബി.ഐ.എസ്)]] 1951-ല്‍ ചില പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആദ്യമായി കൊണ്ടുവന്നു. 1964-ല്‍, ഇവ ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള [[മെട്രിക്‌ സംവിധാന]]ത്തിനു അനുരൂപമായി പുന:പരിശോധന നടത്തി. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കു്‌ [[1968]] [[ആഗസ്റ്റ് 17]] നു വീണ്ടും ഭേദഗതി വരുത്തുകയും ചെയ്തു. അളവുകള്‍, ചായത്തിന്റെ നിറം, നിറങ്ങളുടെ മൂല്യം, തീവ്രത, ഇഴയെണ്ണം,[[ചണ]]നൂല്‍ തുടങ്ങി പതാകയുടെ നിര്‍മ്മാണത്തിനുതകുന്ന എല്ലാ അവശ്യഘടകങ്ങളെക്കുറിച്ചും ഈ പ്രത്യേകമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അങ്ങേയറ്റം കര്‍ക്കശമാണു്‌. പതാകയുടെ നിര്‍മ്മാണത്തില്‍ വരുത്തുന്ന ഏതു പിഴവും പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.

ഖാദിയോ കൈത്തറിത്തുണിയോ മാത്രമേ പതാകനിര്‍മ്മാണത്തിനു്‌ ഉപയോഗിക്കാവൂ. ഖാദിയ്ക്കുള്ള അസംസ്കൃത വസ്തുക്കള്‍ പരുത്തി,പട്ടു്‌,കമ്പിളി എന്നിവയില്‍ ഒതുങ്ങുന്നു. രണ്ടു തരത്തിലുള്ള ഖദര്‍ ഉപയോഗിക്കുന്നതില്‍, ആദ്യത്തേതു്‌, പതാക നിര്‍മ്മിക്കാനുപയോഗിക്കുന്ന ഖാദിക്കൊടിയും രണ്ടാമത്തേതു്‌ പതാകയെ കൊടിമരത്തോടു്‌ ബന്ധിപ്പിക്കുന്ന മഞ്ഞകലര്‍ന്ന ചാര നിറത്തിലുള്ള ഖാദികട്ടിശ്ശീലയുമാണു്‌. ഒരു നെയ്ത്തില്‍ മൂന്നു ഇഴകളുപയോഗിക്കുന്ന സവിശേഷരീതിയിലാണു്‌ ഖാദികട്ടിത്തുണി നെയ്യുന്നതു്‌. ഒരു നെയ്തില്‍ രണ്ടിഴകളുള്ള പരമ്പരാഗതരീതിയില്‍ നിന്നു വ്യത്യസ്തമാണു്‌ ഇതു്‌. ഈ രീതിയിലുള്ള നെയ്ത്തു്‌ അപൂര്‍വ്വമാണു്‌. ഇന്ത്യയില്‍ത്തന്നെ ഇതിനു കഴിയുന്ന നെയ്ത്തുകാര്‍ ഒരു ഡസനിലേറെ വരില്ല. ഒരു ചതുരശ്ര സെന്റിമീറ്ററില്‍ കൃത്യമായും 150 ഇഴകളും ഒരു തുന്നലില്‍ നാലു്‌ ഇഴകളും ഒരു ചതുരശ്ര അടിക്കു കൃത്യം 205 [[ഗ്രാം]] ഭാരവും വേണമെന്നു്‌ ഈ മാര്‍ഗ്ഗരേഖ അനുശാസിക്കുന്നു.

ഉത്തരകര്‍ണ്ണാടകത്തിലെ [[ധാര്‍വാഡ്]], [[ബഗല്‍കോട്ട് ]] എന്നീ ജില്ലകളിലെ രണ്ടു കൈത്തറിശാലകളില്‍ നെയ്തുകഴിഞ്ഞ ഖാദി ലഭ്യമാണു്‌.ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിര്‍മ്മാണശാല [[ഹുബ്ലി]] ആസ്ഥാനമായാണു്‌ പ്രവര്‍ത്തിക്കുന്നതു്‌. [[ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി]](Khadi Development and Village Industries Commission (KVIC)), ആണു്‌ ഇന്ത്യയില്‍ പതാകനിര്‍മ്മാണശാലകള്‍ക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നതു്‌. മാര്‍ഗ്ഗരേഖകള്‍ ലംഘിക്കുന്ന ശാലകളുടെ അംഗീകാരം റദ്ദാക്കുന്നതിനുള്ള അധികാരം ബി.ഐ.എസില്‍ നിക്ഷിപ്തമാണു്‌.

ഒരിക്കല്‍ ഖാദി നെയ്തു കഴിഞ്ഞാല്‍ അതു ബി.ഐ.എസ് പരിശോധനയ്ക്കു വിധേയമാക്കും. വളരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം അതു്‌ അംഗീകരിക്കപ്പെട്ടാല്‍ നിര്‍മ്മാണശാലയിലേക്കു തിരിച്ചയയ്ക്കും. അവിടെ അതു ശ്വേതീകരിച്ചു്‌, യഥാവിധം ചായം കൊടുക്കുന്നു. നടുവില്‍ അശോകചക്രം [[പാളിമുദ്രണം(screen printng)]] ചെയ്യുകയോ അച്ചുപയോഗിച്ചു പതിക്കുകയോ തുന്നിച്ചേര്‍ക്കുകയോ ചെയ്യുന്നു.അശോകചക്രം അനുരൂപമായിരിക്കാനും രണ്ടു വശത്തുനിന്നും പൂര്‍ണ്ണമായും ദൃശ്യമായിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ടു്‌. പതാകയില്‍ ഉപയോഗിച്ചിട്ടുള്ള നിറങ്ങള്‍ക്കു്‌ ബി.ഐ.എസിന്റെ അന്തിമാംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ അതു വില്‍ക്കാനാകും.


ഓരോ വര്‍ഷവും 40 ദശലക്ഷം പതാകകള്‍ ഇന്ത്യയില്‍ വിറ്റുപോകുന്നുണ്ട്‌.[[മഹാരാഷ്ട്ര]]യുടെ ഭരണസിരാകേന്ദ്രമായ [['മന്ത്രാലയ']] മന്ദിരത്തിന്റെ മുകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്ന പതാകയാണു്‌ ഇന്ത്യയിലെ ഏറ്റവും വലിയ പതാക.

qw_er_ty

Anonymous said...

നിര്‍വ്വഹണം

തുടര്‍ന്നും ഉപയോഗിക്കാനാകാത്ത വിധം മോശമായാല്‍ പതാകയെ അതിന്റെ അന്തസ്സിനു യോജിച്ച വിധം നിര്‍വ്വഹണം നടത്തണം. കത്തിച്ചു കളയുകയോ മണ്ണില്‍ മറവു ചെയ്യുകയോ ആയിരിക്കും അഭികാമ്യം.

qw_er_ty

പുള്ളി said...

ദേശിയപതാകകളല്ലാത്തവയ്‌ക്കൊപ്പം

വ്യാപാര/വ്യവസായ സ്ഥാപനങ്ങളുടെ പതാകയോടൊപ്പമോ പരസ്യങ്ങളോടൊപ്പമോ ഇന്ത്യയുടെ ദേശിയപതാക പ്രദശിപ്പിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍.
പതാകകള്‍ പ്രത്യേകം കാലുകളിലായിരിക്കണം ഉയര്‍ത്തേണ്ടത്‌. ഇന്ത്യയുടെ പതാക നടുവിലോ അല്ലെങ്കില്‍ കാണുന്നയാളുടെ ഇടത്തേ അറ്റത്തോ ആയിരിക്കണം. അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം ഇന്ത്യയുടെ പതാകയുടെ വീതി മറ്റുള്ളവയിലും അധികമായിരിക്കണം.
ഇന്ത്യയുടെ പതാകയുടെ കാല്‍ മറ്റുള്ളവയുടേതിന്‌ ഒരു ചുവടു മുന്‍പിലായിരിയ്ക്കണം. എല്ലാ പതാകകളും ഒരേനിരയിലാണെങ്കില്‍ ഇന്ത്യയുടെ പതാക മറ്റുള്ളവയില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കണം. ഘോഷയാത്രകളിലും മറ്റും പതാക പ്രദര്‍ശ്ശിപ്പിക്കുമ്പോള്‍ അത്‌ വഹിക്കുന്നവര്‍ ഏറ്റവും മുന്‍പിലായി നടക്കേണ്ടതാണ്‌. എന്നാല്‍ ഒന്നിലധികം പതാകകള്‍ വഹിയ്ക്കുന്നവര്‍ ഒരു നിരയായി നടക്കുമ്പോള്‍ ഇന്ത്യയുടെ പതാക വഹിക്കുന്നയാള്‍ നിരയുടെ വലത്തേയറ്റത്ത്‌ നടക്കേണ്ടതാണ്‌.
qw_er_ty

venkata ramana said...

This blog has comments, articles, and other information on trading by John Forman,
who wrote The Essentials of Trading. John’s been in the markets for almost 20 years.
He publishes his thoughts about trading (mostly educational), provides reviews of books and
other trading related stuff, and posts information on his trading education work.

for more details to click here:-
www.theessentialsoftrading.com

Shiju said...

മഴത്തുള്ളി
മന്‍ജിത്‌ | Manjith
Siju | സിജു
കിച്ചു, പെരിങ്ങോടന്‍, പൊന്നമ്പലം,
സുഗതരാജ് പലേരി, ദില്‍ബാസുരന്‍, .::Anil അനില്‍::.,
ചില നേരത്ത്,ശ്രീജിത്ത്‌ കെ

ഈ ബ്ലൊഗ് നമുക്ക് പുനഃര്‍ജീവിപ്പിക്കണ്ടേ പരിഭാഷകരേ. ഇതില്‍ ഒരു പോസ്റ്റ് വന്നിട്ടോ ബൂലോഗത്തില്‍ നിന്നു മലയാളം വിക്കിയിലേക്ക് കാര്യമായ സംഭാവന പോയിട്ട് മാസങ്ങളായി. ദില്‍ബൂ, ശ്രിജിത്തേ ഒന്നു ഉഷാറാകൂ.