"പിള്ളേരേ...
അതേ..ഞാന്‍ ഒരു കഥ പറയാം..പണ്ട് പണ്ട് പണ്ട് ഒരു രാജ്യത്തില്‍ ഒരു രാജാവുണ്ടായിരുന്നു. രാജാവിന്റെ പേര് രാമന്‍ കുട്ടി മേനോന്‍. പുള്ളി ഭയങ്കര പുലിയായിരുന്നു. ചോള സാമ്രാജ്യത്തിലെ പുപ്പുലി.. "
കുഞ്ഞിപ്പിള്ളേരല്ലേന്നു വച്ച് ഞാന്‍ ഒരു കള്ളക്കഥ അടിച്ചിറക്കാന്‍ തുടങ്ങിയതാ..നാട്ടിലെ ഉല്‍സവത്തിന് എല്ലാരും കൂടെ അമ്മൂമ്മേടെ വീട്ടില്‍ കൂടിയപ്പോഴാ സംഭവം. കൂട്ടത്തില്‍ മൂന്നാം സ്ഥാനത്തു വരുന്ന ചേട്ടനായിപ്പോയില്ലേ! ബാക്കി വരണ പതിനൊന്നു ജൂനിയര്‍ കസിന്‍സിന്റെ അഡ്മിനിസ്റ്റ്റേറ്റര്‍ പദവി എനിക്കു തന്നിട്ട് എനിക്കു മുകളിലെ രണ്ടു സീനിയര്‍ താരങ്ങള്‍ വളരെ വിദഗ്ഗ്ദമായി മുങ്ങിക്കളഞ്ഞു. അവരൊക്കെ വലുതായിപ്പോയി പോലും! കുട്ടിക്കളിക്കു തീരെ താല്പര്യമില്ലാന്ന് ..പാവം ഞാന്‍.
"അണ്ണാ.. രാജാവിന്റെ പേരെന്തരെന്ന്..!!!?? രാമന്‍ കുട്ടി മേനോനാ??" വിഷ്ണുക്കുട്ടന് ചിരി അടക്കാനായില്ല.
"അത്.. മോനേ.." - ഞാനവനെയൊന്നൊതുക്കാനുള്ള പരിശ്രമം തുടങ്ങി.
"ചോളാ ഡൈനാസ്റ്റിയില്‍ അങ്ങിനെയൊരാളില്ലല്ലോ ചേട്ടാ.." - എറണാകുളത്തുകാരന്‍ ബുജി മോഹന്‍ അവനറിയാവുന്ന ഹിസ്റ്ററി അതിനിടക്കു തുടങ്ങി.
"ഡാ.. അതു ചോളാ.. ഇത് ചാലാ സാമ്രാജ്യം..- തിരോന്തോരത്തെ ചാല മാര്‍ക്കറ്റിലെ മീന്‍ വിക്കണ രാമങ്കുട്ട്യണ്ണന്റെ കരളലിയിപ്പിക്കുന്ന കദന കഥയാടാ അണ്ണന്‍ പറയാമ്പോണേ.." - നെസ്റ്റില്‍ ഒരു പണിയുമില്ലാതെ കറങ്ങി നടക്കുന്ന കള്ളക്കാലമാടന്‍ മിധു കിട്ടിയ തക്കത്തിന് എന്നെയൊന്നാക്കി. പിള്ളേര് ചിരിയും തുടങ്ങി. ഈശ്വരാ കുടുങ്ങിയല്ലോ.
"അതേ മക്കളേ.. ചോളാ ഡൈനാസ്റ്റിയില്‍ അങ്ങിനെയൊരാളുണ്ട്.. വേണേല്‍ വിക്കിപ്പീഡിയ നോക്ക്.." എങ്ങനേലും രക്ഷപെട്ടല്ലേ പറ്റൂ..
"പിന്നേ പിന്നേ.. വിക്കിപ്പീഡിയേല് അങ്ങനൊന്നും ഇല്ല.. ഞാന്‍ ഹിസ്റ്ററി ഓഫ് തമിള്‍ നാട് ഫീച്ചേര്‍ഡ് ആര്‍ട്ടിക്കിള്‍ ഇന്നലെ വായിച്ചേ ഉള്ളൂ.. ചുമ്മാ പുളുവടിക്കാതണ്ണാ.. " - അടുത്ത പാര മീനു വക.. പന്ത്രണ്ടാം ക്ലാസ്സുകാരി വിക്കിപ്പീഡിയ വായിക്കുന്നോ..? അവളമ്മയെ കാണട്ടെ.. നല്ലൊരു പാര കൊടുക്കുന്നുണ്ട്.
"ആ ആര്‍ട്ടിക്കിളില്‍ അതില്ല.. വേറെ ആര്‍ട്ടിക്കിളിലാ.. അല്ലേലും ഈ വിക്കിപ്പീഡിയ അത്ര പോരാ.. ബ്രിട്ടാനിക്കയില്‍ തന്നെ നോക്കണം. അതില്‍ ഡീറ്റയിലായിട്ടുണ്ട്.." ഈയിരിക്കുന്ന ഒറ്റയെണ്ണത്തിന്റേം വീട്ടില്‍ ബ്രിട്ടാനിക്ക വാങ്ങി വച്ചിട്ടില്ലാന്നുള്ള ഉത്തമ വിശ്വാസത്തില്‍ ഞാന്‍ നിന്ന നില്പ്പില്‍ കരണം മറിഞ്ഞു.
"വിക്കിപ്പീഡിയ ബ്രിട്ടാനിക്കയോടൊപ്പം നില്‍ക്കുമെന്ന് നേച്ചര്‍ മാഗസിനില്‍ പോലും സ്റ്റഡി വന്നതാ.. അപ്പോഴാ.." - ഇത് രാഹുല്‍ വക. എല്‍ എല്‍ ബി ഒന്നാം വര്‍ഷം പരീക്ഷയെഴുതാന്‍ ഇവനെന്തിനെന്റമ്മച്ചീ നേച്ചര്‍ റെഫര്‍ ചെയ്യുന്നേ..?
എന്റെ വിധി എന്നു പറഞ്ഞാല്‍ മതിയല്ലോ.. ഞാന്‍ കുടുങ്ങി..
"ആഹാ.. മൂത്തവരോട് തര്‍ക്കുത്തരം പറയുന്നോ ?? നിന്നെയൊക്കെ ഞാന്‍ കാണിച്ചു തരാം.. അമ്മൂമ്മേരോട് ഞാന്‍ ഇപ്പത്തന്നെ പറഞ്ഞു കൊടുക്കും." ഞാന്‍ പിണങ്ങി. തടിയൂരാന്‍ വേറേ മാര്‍ഗമില്ലേ..
പണ്ടാറം.. ഒരു വിക്കിപ്പീഡിയേം.. ഒരു ബ്രിട്ടാനിക്കേം.. മനുഷ്യനെ നാണം കെടുത്താന്‍! അല്ലാ.. ഈ നേച്ചറുകാര് ഈ സ്റ്റഡി എപ്പ നടത്തി.. ഞാന്‍ അറിഞ്ഞില്ലല്ല്.. തലക്കുള്ളില്‍ എന്തരെക്കേ പൊകഞ്ഞു. ഞാന്‍ തുമ്മി.
അപ്പോ വിക്കിപ്പീഡിയേല് ബ്രിട്ടാനിക്കെ പറ്റിയും ബ്രിട്ടാനിക്കേല് വിക്കിപ്പീഡിയേ പറ്റിയുമൊക്കെ ഉണ്ടായിരിക്കുമോ? വീണ്ടും സംശയം.
ഇപ്പ തന്നെ തീര്‍ക്കാല്ലോ..വീട്ടിനകത്ത് ആധുനിക ലാപ്പ്ടോപ് എന്തരോ ഒരെണ്ണം വച്ച് റോഡ് റാഷ് കളിച്ചു തോറ്റോണ്ടിരിക്കുന്ന 'മുതിര്‍ന്നവനും' റേഡിയേഷന്‍ ടെക്നോളജിസ്റ്റുമായ സീനിയറിന്റെ കയ്യില്‍ നിന്ന് ലാപ്പ്ടോപ്പ് പിടിച്ചു വാങ്ങി സംശയം ഡിജിറ്റലാക്കി.
ഉണ്ടുണ്ട്.. രണ്ടും ഉണ്ട്.
പക്ഷേങ്കി ബ്രിട്ടാനിക്കേട സൈറ്റി കേറണോങ്കി ക്രെഡിറ്റ് കാര്‍ഡ് കാട്ടണം.അതങ്ങ് പരുമല പള്ളീലോട്ട്....
വിക്കിപ്പീഡിയേല് ബ്രിട്ടാനിക്ക ഫീച്ചേഡ് ആര്‍ട്ടിക്കിളാ.. കൊള്ളാല്ല്.. ഇത് മലയാളം വിക്കിയേലൊണ്ടാവുമോ? അടുത്ത സംശയം.
ശ്ശേ.. ഇല്ല.. മലയാളിയാണെന്നു പറഞ്ഞിട്ടെന്തര് കാര്യം! കണ്ട ബ്ലോഗില് ദോശേം ചമ്മന്തീം ചുട്ടു കളിക്കാനല്ലാതെ ഇവര്‍ക്കൊക്കെയെന്തറിയാം! ഈ ബ്രിട്ടാനിക്കയൊന്ന് ആര്‍ക്കെങ്കിലും അക്ഷരമുദ്രണം (കട്: കൈപ്പള്ളി) ചെയ്തൂടാരുന്നോ..? ഉറക്കെ ആത്മഗതം ചെയ്തിട്ട് ഞാന്‍ കിടന്നുറങ്ങാന്‍ പോയി. പിന്നെ എഴുന്നേറ്റു വന്ന് ഉമേഷേട്ടന്റെ ബ്ലോഗില്‍ കേറി 35 കമന്റടിച്ച് കൃതാര്‍ത്ഥനായി.
പിന്നെപ്പോഴോ.. കുറ്റബോധം കൂരാക്കൂരിരുട്ടില്‍ എന്റെ കൊങ്ങയ്ക്കു പിടിച്ചു.
അങ്ങിനെ ഈ പോസ്റ്റ് ഞെട്ടിയെഴുന്നേറ്റു.
അപ്പോഴേ ചേട്ടന്മാരേ ചേച്ചിമാരേ..നമുക്കീ പണി ചെയ്യാം..
ദാ..
ഇംഗ്ലീഷ് വിക്കിയിലെ ലേഖനം.
മലയാളം വിക്കിയിലെ ലേഖനം. (അപൂര്‍ണ്ണം)
എല്ലാവരും ആഞ്ഞു പിടിച്ചാല്‍ ബ്രിട്ടാനിക്ക വിക്കും.
ഉല്‍സവ കാല ഓഫറായിട്ട് ഒരു പരിപാടിയും ചെയ്യാം. ഈ പോസ്റ്റുമ്മേ കൊരട്ടിയിട്ട് ആര്‍ക്കു വേണേ ഓഫടിക്കാം. പക്ഷേ ഒരോഫിന് ഒരു പാര(ഗ്രാഫ്) പരിഭാഷ കമ്മീഷന്‍. പാരയില്ലാത്ത ഓഫിനെ പാര വയ്ക്കുന്നതായിരിക്കും
അപ്പോ പരിഭാഷപ്പെട്ടി താഴെക്കൊടുക്കുന്നു. എത്രയും പെട്ടെന്ന് സ്വന്തം സീറ്റുകള്‍ റിസര്‍വ് ചെയ്യുക.
ഒരു കാര്യം കൂടി : ബുദ്ധമതത്തിന്റെ ചരിത്രം എന്ന പരിഭാഷ ഒരു വന്‍ വിജയമായിരുന്നു. പങ്കെടുത്ത എല്ലാവര്‍ക്കും സ്പെഷല് നന്ദി.
Wednesday, May 16, 2007
Subscribe to:
Posts (Atom)